Skip to main content

സായാഹ്‌ന വാർത്തകൾ

സായാഹ്‌ന വാർത്തകൾ

2022 | ഏപ്രിൽ 02 | ശനി
1197 | മീനം 19 | രേവതി


◼️ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ. സാമ്പത്തിക പ്രതിസന്ധിയും പ്രതിഷേധ പ്രക്ഷോഭങ്ങളുംമൂലം അലങ്കോലമായ രാജ്യത്ത് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. സംശയം തോന്നുന്ന ആരെയും സൈന്യത്തിന് അറസ്റ്റ് ചെയ്യാനും തടവില്‍ പാര്‍പ്പിക്കാനും അധികാരം നല്‍കി. പ്രസിഡന്റ് ഗൊട്ടബയ രജപക്സെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

◼️കടുത്ത സാമ്പത്തിക പ്രതിസന്ധിമൂലം സംസ്ഥാനത്തു ട്രഷറി നിയന്ത്രണം. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 20 ശതമാനം തുക നഷ്ടമായി. 319 കോടി രൂപ ലാപ്‌സായി. ബില്ലുകള്‍ സ്വീകരിക്കില്ലെന്ന് ട്രഷറി വകുപ്പ് അറിയിച്ചു.

◼️മഞ്ചേരിയില്‍ നഗരസഭാ കൗണ്‍സിലര്‍ അബ്ദുള്‍ ജലീലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി  ഷുഹൈബ് എന്ന കൊച്ചു പിടിയിലായി. തമിഴ്നാട്ടില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കേസിലെ മറ്റ് പ്രതികളായ നെല്ലിക്കുത്ത് സ്വദേശി ഷംസീര്‍, അബ്ദുല്‍ മജീദ്  എന്നിവര്‍ നേരത്തെ പിടിയിലായിരുന്നു.

◼️കാലിത്തീറ്റയ്ക്കു വില കുത്തനെ കൂടുന്നു. ആറു മാസത്തിനിടെ കൂടിയത് 500 രൂപയിലേറെയാണ്. സര്‍ക്കാര്‍ ഇടപെടണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു. പാല്‍ വില കൂട്ടണമെന്ന് മില്‍മ നേരത്തെ ആവശ്യപ്പെട്ടിരുന്നതാണ്.

◼️പെരുമ്പാവൂര്‍ കണ്ടന്തറയില്‍ ആസാം സ്വദേശിനിയായ വീട്ടമ്മ വെട്ടേറ്റു മരിച്ചു. പെരുമ്പാവൂരിലെ പ്ലൈവുഡ് കമ്പനി തൊഴിലാളിയായ ആസാം സ്വദേശി ഫക്രൂദീന്റെ ഭാര്യ ഖാലിദാ ഖാത്തൂനാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. ഖാലിദയുടെ ഭര്‍ത്താവ് ഫക്രൂദീന്‍ ഒളിവിലാണ്.

◼️കോഴിക്കോട് റെയില്‍വേ സ്റ്റേഷനു സമീപം കടവരാന്തയില്‍ ഉറങ്ങിക്കിടക്കവേ മദ്യലഹരിയില്‍ സുഹൃത്ത് തീവെച്ച് ഗുരുതരമായി പൊള്ളലേറ്റയാള്‍  മരിച്ചു. കൊടുവള്ളി സ്വദേശി ഷൗക്കത്താണ് (48) മരിച്ചത്.   കൊലപ്പെടുത്താന്‍ ശ്രമിച്ച തമിഴ്നാട് സ്വദേശി മണിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

◼️തെന്മലയില്‍ പരാതിക്കാരനെ മര്‍ദ്ദിച്ച കേസില്‍ സിഐയെ സംരക്ഷിക്കാന്‍ കൊല്ലം റൂറല്‍ എസ്പി മനുഷ്യാവകാശ കമ്മീഷന് തെറ്റായ റിപ്പോര്‍ട്ട് നല്‍കി. സിഐ വിശ്വംഭരനെതിരേ ഡിസിആര്‍ബി ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ട് പൂഴ്ത്തിയാണ് പരാതിക്കാരനെ കുറ്റക്കാരനാക്കുന്ന റിപ്പോര്‍ട്ട് നല്‍കിയത്. പരാതിക്കാരന്‍ പൊലീസുകാരെ മര്‍ദ്ദിച്ചെന്നാണ് റൂറല്‍ എസ്പി റിപ്പോര്‍ട്ട് നല്‍കിയത്. വാദിയെ പ്രതിയാക്കി റിപ്പോര്‍ട്ട് നല്‍കിയ കൊല്ലം റൂറല്‍ എസ്പിക്കെതിരെ തിരുവനന്തപുരം റേഞ്ച് ഡിഐജി അന്വേഷണം തുടങ്ങി.

◼️പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലില്‍നിന്നും പണം വാങ്ങിയ പൊലീസ് ഉദ്യോഗസ്ഥന്  സ്ഥലംമാറ്റം. കൊച്ചി മെട്രോ സ്റ്റേഷന്‍ സിഐ അനന്ത ലാലിനെയാണ് സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ് ബ്യൂറോയിലേക്കു സ്ഥലം മാറ്റിയത്.

◼️ആലുവയില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് അഗ്നിശമനസേനാംഗങ്ങള്‍ പരിശീലനം നല്‍കിയത് ഗുരുതര വീഴ്ച്ചയെന്ന് ഫയര്‍ഫോഴ്സ് മേധാവി ബി സന്ധ്യ ആഭ്യന്തര സെക്രട്ടറിക്കു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇതോടെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ക്ലാസെടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാവുമെന്ന് ഉറപ്പായി. എറണാകുളം റീജണല്‍ ഫയര്‍ ഓഫീസര്‍, ജില്ലാ ഫയര്‍ ഓഫീസര്‍, ക്ലാസെടുത്ത മൂന്ന് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെയാവും നടപടിയുണ്ടാകുക.

◼️ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ആറാം നമ്പര്‍ ജനറേറ്ററില്‍ തീപിടിത്തം. ഇന്നലെ വൈകുന്നേരം ഏഴു മണിയോടെയാണ് ശബരിഗിരിയിലെ അറുപത് മെഗാവാട്ട് വൈദ്യുതി ഉല്‍പാദന ശേഷിയുള്ള ജനററ്ററിന് തീ പിടിച്ചത്. ജനറേറ്ററിന് തകരാര്‍ സംഭവിച്ചതിനാല്‍ അറുപത് മെഗാവാട്ട് വൈദ്യുതി ഉല്‍പാദന ശേഷി കുറയും.

◼️കെ. സുധാകരനും വി.ഡി സതീശനും തമ്മിലെ ഭിന്നതമൂലം ഡിസിസി പുന:സംഘടന അനിശ്ചിതത്വത്തില്‍. രണ്ടര മാസം മുമ്പ് കരട് പട്ടിക കൈമാറിയിട്ടും സതീശന്‍ അംഗീകരിച്ച് തിരിച്ചു നല്‍കാത്തതാണ് പുനസംഘടന വൈകുന്നതിനു കാരണമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. സംഘടനാ തെരഞ്ഞെടുപ്പ് നടപടി സജീവമായിരിക്കെ പുന:സംഘടനയുമായി ഇനി മുന്നോട്ട് പോകണോ എന്ന സംശയത്തിലാണ് സുധാകരന്‍.

◼️കെ റെയില്‍ പദ്ധതിക്കെതിരേ ഒരു കൂട്ടര്‍ക്ക് എതിര്‍പ്പുള്ളതുകൊണ്ടു മാത്രം പദ്ധതി നടപ്പാക്കാതിരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ടിരട്ടിയാണ് നഷ്ടപരിഹാരം നല്‍കുന്നത്. കൂടുതല്‍ നല്‍കാനും സര്‍ക്കാര്‍ തയ്യാറാണ്. മാധ്യമങ്ങള്‍ സര്‍ക്കാരിനെതിരെ ശത്രുതാ മനോഭാവം പുലര്‍ത്തുന്നുവെന്നും മുഖ്യമന്ത്രി കുറ്റുപ്പെടുത്തി. കോഴിക്കോട് പ്രസ് ക്ലബ്ബിന്റെ സുവര്‍ണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

◼️സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഭൂമിക്കു വായ്പ നിഷേധിച്ചാല്‍ നടപടിയെന്ന് സഹകരണ വകുപ്പ് മന്ത്രി വിഎന്‍ വാസവന്‍. സാമൂഹ്യാഘാത പഠനമാണ് ഇപ്പോള്‍ നടക്കുന്നത്. ഭൂമി ഏറ്റെടുക്കുന്നതിനുള്ള സര്‍വേ ആരംഭിച്ചിട്ടില്ല. ഭൂമി ഏറ്റെടുക്കാത്തതിനാല്‍ വായ്പ നല്‍കാന്‍ സര്‍ക്കാര്‍ പ്രത്യേക ഉത്തരവിറക്കേണ്ടതില്ല. വായ്പ നിഷേധിച്ചത് യുഡിഎഫ് ഭരിക്കുന്ന മാടപ്പള്ളി സഹകരണ സംഘമാണ്. പരാതി ലഭിച്ചാല്‍ ഇവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.

◼️കെ റെയിലിനെതിരേ യൂത്ത് ലീഗ് നടത്തിയ മാര്‍ച്ചുകളില്‍ സംഘര്‍ഷം. കോഴിക്കോട്, പെരിന്തല്‍മണ്ണ, തൊടുപുഴ എന്നിവിടങ്ങളില്‍ നടത്തിയ മാര്‍ച്ചുകളിലാണ് സംഘര്‍ഷമുണ്ടായത്. കോഴിക്കോട് പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

◼️കേന്ദ്രമന്ത്രി വി. മുരളീധരന്റെ നേതൃത്വത്തില്‍ ബിജെപി  വീടുകള്‍ കയറിയിറങ്ങി നടത്തിയ കെ റെയില്‍ വിരുദ്ധ പ്രചാരണത്തിനിടെ വീട്ടുകാര്‍ സില്‍വര്‍ ലൈനിനും മുഖ്യമന്ത്രി പിണറായിക്കും മുദ്രാവാക്യം മുഴക്കി. അമ്പരന്നുപോയ കേന്ദ്രമന്ത്രി മുരളീധരന്‍ അടക്കമുള്ള ബിജെപി നേതാക്കള്‍ സ്ഥലംവിട്ടു. തിരുവനന്തപുരത്തെ കഴക്കൂട്ടത്താണു സംഭവം.

◼️മന്ത്രി സജി ചെറിയാന്റെ നാട്ടില്‍ കെ റെയില്‍ ബോധവല്‍ക്കരണത്തിന് ആരും വരരുതെന്ന പോസ്റ്റര്‍ ഗേറ്റിനു പുറത്ത് മതിലില്‍ പതിപ്പിച്ച് കുടുംബങ്ങള്‍. ബോധവല്‍ക്കരണത്തിനായി എത്തിയ സിപിഎം നേതാക്കളെ തിരിച്ചയച്ചതിന് പിന്നാലെയാണ് ചെങ്ങന്നൂര്‍ പുന്തല പ്രദേശത്തുകാര്‍ ഗേറ്റിന് പുറത്ത് പോസ്റ്റര്‍ പതിച്ചത്.

◼️വിനോദയാത്രയ്ക്ക് പോയ കണ്ണൂര്‍ മാതമംഗലം ജെബീസ് കോളേജ് വിദ്യാര്‍ത്ഥികള്‍  സഞ്ചരിച്ച ബസ് ഗോവയില്‍ കത്തിനശിച്ചു. ഗോവയിലെ ഓള്‍ഡ് ബെന്‍സാരിയിലാണ് സംഭവം. ബസ് പൂര്‍ണ്ണമായും കത്തി നശിച്ചെങ്കിലും ആര്‍ക്കും പരിക്കില്ല.

◼️തൃശൂര്‍ ചേര്‍പ്പ് മുത്തുള്ളിയാലില്‍ മദ്യപിച്ചു ശല്യമുണ്ടാക്കാറുള്ള യുവാവിനെ അനുജന്‍ കൊന്നു കുഴിച്ചുമൂടിയ സംഭവത്തില്‍ ഒരാള്‍കൂടി പിടിയിലായി. കൊല്ലപ്പെട്ട ബാബുവിന്റെ മൃതദേഹം കുഴിച്ചിടാന്‍ അനുജന്‍ സാബുവിനെ സഹായിച്ച സുനിലാണ് പിടിയിലായത്.  

◼️പാലക്കാട്ട് ഡോ. നീന പ്രസാദിന്റെ മോഹിനിയാട്ടം തടസപ്പെട്ട സംഭവത്തിനെതിരേ പാലക്കാട് അഭിഭാഷകര്‍ നടത്തിയ പ്രതിഷേധ സമരം കോടതിയലക്ഷ്യമാണെന്ന് ജില്ലാ ജഡ്ജ് കലാം പാഷ. കലക്ടറെയും എസ്പിയെയും ഉപയോഗിച്ച് സമരക്കാരായ അഭിഭാഷകര്‍ക്കെതിരെ നടപടി എടുപ്പിക്കാമായിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കില്‍ ഏറ്റവും വേദനിക്കുന്നത് താനായിരിക്കുമായിരുന്നുവെന്ന് കലാം പാഷ പറഞ്ഞു.

◼️കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ക്ഷേത്രത്തില്‍ നിരോധനം ലംഘിച്ച് കോഴിയെ ബലി നല്‍കി. രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

◼️മാര്‍പാപ്പയുടെ നിര്‍ദേശം ലംഘിച്ച് ജനാഭിമുഖ കുര്‍ബാനയുമായി മുന്നോട്ടു പോകുമെന്ന് സീറോ മലബാര്‍ സഭയുടെ എറണാകുളം അങ്കമാലി രൂപതയിലെ വിമത വൈദികരുടെ യോഗം. മാര്‍പാപ്പയെ കാര്യങ്ങള്‍ ധരിപ്പിക്കാനാണ് എറണാകുളം ബിഷപ്സ് ഹൗസില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചത്.  

◼️ബാങ്കിങ് സ്ഥാപനങ്ങളുടേ പേരില്‍ വ്യാജ വെബ്‌സൈറ്റുകളുണ്ടാക്കി പണം തട്ടുന്ന സംഘത്തെക്കുറിച്ച് അന്വേഷണം തുടങ്ങി. തട്ടിപ്പിലൂടെ കോഴിക്കോട് യുവാവിന് നഷ്ടമായത് മൂന്നരലക്ഷം രൂപയാണ്. കോഴിക്കോട് തിരുവണ്ണൂര്‍ സ്വദേശിയായ സുമിത് ലാലിന്റെ പരാതിയിലാണ് അന്വേഷണം.

◼️ഒഡെപെക് മുഖേന ബെല്‍ജിയത്തിലേക്കു നഴ്‌സുമാര്‍ക്ക് നിയമനം പുനരാരംഭിച്ചു. 35 വയസാണ് പ്രായപരിധി. അപേക്ഷകര്‍ ബയോഡാറ്റയും ഐഇഎല്‍ടിഎസ്  സ്‌കോര്‍ഷീറ്റ് എന്നിവ eu@odepc.in എന്ന മെയിലിലേക്ക് 10 നകം അയയ്ക്കണം.  www.odepc.kerala.gov.in, 0471 2329440/41/42, 6282631503.

◼️കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയുടെ പൊന്നാനി കേന്ദ്രത്തില്‍ യു.പി.എസ്.സി 2023 ല്‍ നടത്തുന്ന സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. www.kscsa.org എന്ന വെബ്‌സൈറ്റ് വഴി  22  വരെ അപേക്ഷിക്കാം. പ്രവേശന പരീക്ഷ 24 ന്.

◼️കുപ്രസിദ്ധ ലോട്ടറി തട്ടിപ്പുകാരന്‍ സാന്റിയാഗോ മാര്‍ട്ടിന്റെ 409.92 കോടി രൂപയുടെ സ്വത്തുകള്‍ എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. കൊല്‍ക്കത്ത പൊലീസ് എടുത്ത കേസുമായി ബന്ധപ്പെട്ടാണ് ഇഡിയുടെ നടപടി. ബംഗാള്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാര്‍ട്ടിന്റെ ഫ്യൂചര്‍ ഗെയിമിംഗ് ആന്‍ഡ് ഹോട്ടല്‍ സര്‍വ്വീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കെതിരെയാണ് നടപടി. സിക്കിമിലും നാഗാലാന്‍ഡിലും പ്രശസ്തമായ ഡിയര്‍ ലോട്ടറിയുടെ പേരില്‍ നടത്തിയ തട്ടിപ്പുകളുടെ പേരിലാണ് നടപടി.  

◼️ഉത്തര്‍പ്രദേശില്‍ എഴുപതുകാരിയുടെ സമയോചിതമായ ഇടപെടല്‍ മൂലം വലിയൊരു ട്രെയിന്‍ ദുരന്തം ഒഴിവായി. ഇറ്റ ജില്ലയുടെ ആസ്ഥാനത്ത് നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള കുസ്ബ റെയില്‍വേ സ്റ്റേഷനു സമീപമാണ് സംഭവം. റെയില്‍വേ പാളങ്ങള്‍ തകര്‍ന്നതു കണ്ടെത്തിയ ഓംവതി എന്ന സ്ത്രീ തന്റെ ചുവന്ന സാരി അഴിച്ച് ട്രാക്കിന്റെ രണ്ടറ്റത്തും കെട്ടി അപായ സൂചന നല്‍കി. ഇത് കണ്ട ലോക്കോപൈലറ്റ് ട്രെയിന്‍ നിര്‍ത്തി. ആ സ്ത്രീയുടെ ഇടപെടല്‍ നിരവധി ജീവനുകളെയാണ് രക്ഷിച്ചത്.  

◼️നടന്‍ ഷാരുഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട ലഹരിമരുന്ന് കേസില്‍ കൂറുമാറിയ സാക്ഷി മരിച്ചു. കേസിലെ മറ്റൊരു വിവാദ സാക്ഷി കിരണ്‍ ഗോസാവിയുടെ അംഗരക്ഷകന്‍ കൂടിയായിരുന്ന പ്രഭാകര്‍ സെയിലാണ് മരിച്ചത്. ആര്യന്‍ ഖാനെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും കോടികള്‍ തട്ടിയെടുക്കാനുള്ള ഉദ്യോഗസ്ഥരുടെ ഗൂഡാലോചനയാണെന്നും ആദ്യം ആരോപണം ഉന്നയിച്ച സാക്ഷിയാണ് പ്രഭാകര്‍. അന്വേഷണ ഉദ്യോഗസ്ഥന്‍ സമീര്‍ വാംഗഡെയ്ക്കെതിരെയാണ് ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നത്.

◼️അമേരിക്കയ്ക്കെതിരേ പ്രതിഷേധവുമായി പാക്കിസ്ഥാന്‍ പ്രസിഡന്റ് ഇമ്രാന്‍ ഖാന്‍. തന്നെ അധികാരത്തില്‍നിന്ന് പുറത്താക്കാന്‍ ശ്രമിച്ചതിനാണ് പ്രതിഷേധം അറിയിച്ചത്. അമേരിക്കന്‍ എംബസിയിലാണ്  പ്രതിഷേധം അറിയിച്ചത്.

◼️തന്റെ ജീവന്‍ അപകടത്തിലാണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. അവിശ്വാസപ്രമേയത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭയമില്ലെന്നും സ്വതന്ത്രവും ജനാധിപത്യപരവുമായ പാക്കിസ്ഥാനുവേണ്ടി പോരാട്ടം തുടരുമെന്നും ഇമ്രാന്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു. നാളെയാണ് അവിശ്വാസ പ്രമേയം ചര്‍ച്ചയ്ക്കെടുക്കുന്നത്.

◼️യുഎഇയില്‍ നിന്ന് വാക്സിനെടുത്തവര്‍ക്കും ഇനി ഇന്ത്യയിലേക്കു വരാന്‍ പി.സി.ആര്‍ പരിശോധന വേണ്ട. നേരത്തെ ഇന്ത്യയില്‍നിന്ന് രണ്ട് ഡോസ് വാക്സിനെടുത്തവര്‍ക്ക് മാത്രമായിരുന്നു പി.സി.ആര്‍ പരിശോധനയില്‍ ഇളവ് അനുവദിച്ചിരുന്നത്.

◼️ഇറാഖിലെ കര്‍ബല റിഫൈനറിയില്‍ ജോലി ചെയ്യുന്ന മലയാളികളടക്കമുള്ള അയ്യായിരം ഇന്ത്യക്കാര്‍ പ്രതിസന്ധിയില്‍. കമ്പനി തൊഴില്‍ വിസ പുതക്കാത്തതിനാല്‍ നാട്ടിലേക്ക് മടങ്ങിയ തൊഴിലാളികളുടെ പാസ്പോര്‍ട്ടില്‍ നാടുകടത്തല്‍ സ്റ്റാംപ് പതിക്കുകയാണ്. ഇതോടെ മറ്റു രാജ്യങ്ങളില്‍ തൊഴില്‍ തേടി പോകാന്‍ കഴിയുന്നില്ലെന്നാണ് ഇവരുടെ പരാതി. 2014 ല്‍ ഇറാഖ് സര്‍ക്കാര്‍ തുടങ്ങിയ പദ്ധതിയാണ് കര്‍ബല റിഫൈനറി പ്രൊജക്ട്.

◼️അക്കാദമി ഓഫ് മോഷന്‍ പിക്ച്ചര്‍ ആന്‍ഡ് ആര്‍ട്ടില്‍നിന്ന് നടന്‍ വില്‍ സ്മിത്ത് രാജിവച്ചു. ഓസ്‌കര്‍ വേദിയില്‍ അവതാരകനെ തല്ലിയ സംഭവത്തില്‍ അച്ചടക്ക നടപടി ചര്‍ച്ച ചെയ്യാന്‍ യോഗം ചേരാനിരിക്കേയാണ് വില്‍ സ്മിത്തിന്റെ രാജി. അക്കാദമി അര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാനായില്ല. ഓസ്‌കര്‍ വേദിയിലെ തന്റെ പെരുമാറ്റം മാപ്പര്‍ഹിക്കാത്തതെന്നും ശിക്ഷ സ്വീകരിക്കാന്‍ തയാറാണെന്നും സ്മിത്ത് അറിയിച്ചു.

◼️സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. പവന് 120 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 38,360 രൂപയായി. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. 4795 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ വന്‍വര്‍ധന രേഖപ്പെടുത്തിയ ശേഷമാണ് ഇന്ന് സ്വര്‍ണ വില കുറഞ്ഞത്. മൂന്നാഴ്ചക്കിടെ ഏകദേശം 2500 രൂപ വരെ കുറഞ്ഞ ശേഷമാണ് ഇന്നലെ വില ഉയര്‍ന്നത്. ഇന്ന് വീണ്ടും കുറയുകയായിരുന്നു. അതേസമയം വെള്ളിയുടെ വിലയില്‍ മാറ്റമുണ്ടായിട്ടില്ല. 925 ഹോള്‍മാര്‍ക്ക് വെള്ളിക്ക് ഗ്രാമിന് 100 രൂപയാണ് ഇന്നത്തെയും വില. സാധാരണ വെള്ളിക്ക് ഗ്രാമിന് 72 രൂപയാണ് ഇന്നത്തെ വില.

◼️പന്ത്രണ്ടായിരം കോടി രൂപയുടെ കടക്കെണിയില്‍ മുങ്ങി നില്‍ക്കുന്ന രുചി സോയ എന്ന കോര്‍പ്പറേഷനെ ബാബ രാംദേവിന്റെ പതാഞ്ജലി ഗ്രൂപ്പ് സ്വന്തമാക്കിയത് 98.9 ശതമാനം ഷെയറില്‍. ബാക്കി 1.1 ശതമാനം പൊതു നിക്ഷേപകരാണ്. സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ലിമിറ്റഡ് കമ്പനിയായ രുചി സോയയെ 2019ല്‍ 1000 കോടി രൂപയ്ക്കാണ് പതാഞ്ജലി സ്വന്തമാക്കിയത്. പാചക എണ്ണയുടെയും സോയ ഉത്പന്നങ്ങളുടെയും നിര്‍മാതാക്കളാണ് രുചി സോയ. ചെറിയ മുതല്‍മുടക്കില്‍ 31,000 കോടി മൂല്യമുള്ള കോര്‍പ്പറേഷന്റെ 80 ശതമാനവും ബാബ രാംദേവിന് സ്വന്തമാവും. എഫ് പി ഒയിലൂടെ 4300 കോടി സമാഹരിക്കാനാണ് രുചി സോയ ലക്ഷ്യം വയ്ക്കുന്നത്.

◼️1983ല്‍ ഇന്ത്യയുടെ ലോകകപ്പ് ക്രിക്കറ്റ് വിജയത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ബഹുഭാഷാ ചിത്രം '83'യുടെ ടെലിവിഷന്‍ പ്രീമിയര്‍ പ്രദര്‍ശനം ഏഷ്യാനെറ്റില്‍. ഏപ്രില്‍ മൂന്ന് വൈകിട്ട് മൂന്ന് മണിക്കാണ് ചിത്രത്തിന്റെ പ്രദര്‍ശനം. രണ്‍വീര്‍ സിംഗ് നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ബോളിവുഡ് സംവിധായകന്‍ കബീര്‍ ഖാന്‍ ആണ്. മലയാളത്തില്‍ 83 അവതരിപ്പിക്കുന്നത് പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ്. ദീപിക പദുകോണ്‍ ആണ് നായിക. പങ്കജ് ത്രിപാഠി, ബൊമാന്‍ ഇറാനി, സാക്വിബ് സലിം, ഹാര്‍ഡി സന്ധു, താഹിര്‍ രാജ് ഭാസിന്‍, ജതിന്‍ സര്‍ന തുടങ്ങിയവരും അഭിനയിക്കുന്നു.

◼️കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ന്നാ, താന്‍ കേസ് കൊട് എന്ന ചിത്രത്തില്‍ അതിഥി വേഷത്തില്‍ ബേസില്‍ ജോസഫും ഉണ്ണിമായ പ്രസാദും. രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്യുന്നു. അതേസമയം സൂപ്പര്‍ ഡീലക്സ് എന്ന തമിഴ് ചിത്രത്തില്‍ അഭിനയിച്ച ഗായത്രി ശങ്കറാണ് ന്നാ, താന്‍ കേസ് കൊട് എന്ന ചിത്രത്തിലെ നായിക. കാസര്‍കോട് നിവാസികളായ ഒട്ടേറെ പുതുമുഖങ്ങളും അണിനിരക്കുന്നു.

◼️വിദേശ കയറ്റുമതിയില്‍ റെക്കോര്‍ഡുമായി രാജ്യത്തെ ജനപ്രിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുകി. ജാപ്പനീസ് കാര്‍ നിര്‍മ്മാതാവിന്റെ പ്രാദേശിക വിഭാഗം 238,376 യൂണിറ്റ് കാറുകളാണ് 2022 സാമ്പത്തിക വര്‍ഷത്തില്‍ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തത്. ഒരു സാമ്പത്തിക വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. മാര്‍ച്ച് മാസം മാത്രം 26,496 യൂണിറ്റുകളാണ് കയറ്റുമതി ചെയ്തത്. ഇത് എക്കാലത്തെയും ഉയര്‍ന്ന പ്രതിമാസ കയറ്റുമതിയാണ്.

Comments

Popular posts from this blog

മഞ്ചേരിയിൽ ലീഗ് കൗൺസിലറുടെ മരണം; പ്രതി പിടിയിലായി

മഞ്ചേരിയിൽ ലീഗ് കൗൺസിലറുടെ മരണം; പ്രതി പിടിയിലായി   മലപ്പുറം മഞ്ചേരി വധക്കേസിൽ മജീദ് അറസ്റ്റിൽ. മറ്റൊരു പ്രതി ഷുഹൈബിനായി അന്വേഷണം തുടരുകയാണ്. മജീദും ഷുഹൈബും ചേർന്ന് അബ്ദുൾ ജലീലിനെ ഓടിച്ചിട്ട് ആക്രമിക്കുകയായിരുന്നു.   പാലക്കാട്ടെ മധ്യസ്ഥ ചർച്ച കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെയാണ് ജലീൽ കൊല്ലപ്പെട്ടത്. തർക്കമാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പ്രാഥമിക നിഗമനം.   ഇന്നലെ അർധരാത്രിയാണ് പയ്യനാട്ടിൽ ലീഗ് കൗൺസിലർ അബ്ദുൾ ജലീൽ വെട്ടേറ്റ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ജലീൽ പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ടോള്‍ നിരക്ക് കൂട്ടി; 10 മുതല്‍ 65 രൂപ വരെ വര്‍ധനവ്

ടോള്‍ നിരക്ക് കൂട്ടി; 10 മുതല്‍ 65 രൂപ വരെ വര്‍ധനവ് പുതിയ സാമ്പത്തിക വർഷത്തിൽ വിവിധ മേഖലകളിൽ നികുതി വർധന പ്രാബല്യത്തിൽ വരും, ടോൾ നിരക്കും ഉയരും. ദേശീയ പാതകളിലെ ടോൾ നിരക്ക് വർധിപ്പിച്ചു. ഇന്ന് മുതൽ 10 രൂപ മുതൽ 65 രൂപ വരെ അധികമായി നൽകണം. സംസ്ഥാനത്തെ വിവിധ റോഡുകളിൽ ടോൾ നിരക്ക് 10 ശതമാനം വരെ വർധിപ്പിച്ചിട്ടുണ്ട്. പാലക്കാട് പന്നിയങ്കര ടോൾ പ്ലാസയിൽ കാറിന്റെ വില 135ൽ നിന്ന് 150 രൂപയായി വർധിപ്പിച്ചു.തൃശൂർ പാലിയേക്കര ടോൾ പ്ലാസയിൽ നിരക്ക് വർധനയില്ല. അതേസമയം, വിവിധ മേഖലകളിൽ പുതിയ സാമ്പത്തിക വർഷത്തിലെ നികുതികൾ വർദ്ധിക്കുകയാണ്. ഭൂമിയുടെ ന്യായവിലയിൽ 10 ശതമാനം വർധനയുണ്ടാകും. 200 കോടി രൂപയുടെ അധിക വരുമാനം സർക്കാരിന് ഗുണം ചെയ്യും. വില്ലേജ് ഓഫീസുകളിൽ അടക്കേണ്ട അടിസ്ഥാന ഭൂനികുതി ഇനി മുതൽ ഇരട്ടിയാക്കും. ശുദ്ധജല ഉപയോഗത്തിന്റെ തോത് 5 ശതമാനം വർധിപ്പിക്കും. ഗാർഹിക ഉപഭോക്താക്കൾക്ക് പ്രതിമാസം 1000 ലിറ്റർ വെള്ളം ഉപയോഗിക്കുന്നതിനുള്ള കുറഞ്ഞ നിരക്ക് 4 രൂപ 20 പൈസ 4 രൂപ 41 പൈസ ആയിരിക്കും. സംസ്ഥാനത്ത് പുതിയ വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ ഹരിത നികുതിയും ഇന്ന് മുതൽ ഈടാക്കും. വാഹന ഫിറ്റ്‌നസ്, രജിസ്‌ട്രേഷൻ പുതുക്കൽ ഫീസ് എന്ന

നിങ്ങളുടെ മൊബൈലില്‍ നല്ല ഫോട്ടോകള്‍ ഉണ്ടോ? എങ്കില്‍ ഡേളറുകള്‍ സംമ്പാദിക്കാം

 നമ്മള്‍ എല്ലാവരും പലതരം ഫോട്ടോസ് എടുക്കുന്നവരാണ്. പക്ഷേ ഇത് വരെ അത് കൊണ്ട് ഒരു കാശ്‌പോലും സാമ്പാദിച്ചിട്ടുണ്ടാകില്ല. എന്നാല്‍ ഇതാ നിങ്ങള്‍ക്ക് നല്ലൊരു അവസരം. ഇവിടെ ക്ലിക്ക് ചെയ്യൂ..